2015ലെ വോട്ടര്‍ പട്ടിക; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സംസ്ഥാനത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനെതിരായ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ്. 2019ലെ വോട്ടര്‍ പട്ടിക നിലനില്‍ക്കെ 2015ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടിക അടിസ്ഥാനമാക്കുന്നതിന്റെ കാരണം വ്യക്തമാക്കാനാണ് നിര്‍ദേശം. വിശദീകരണം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നാദാപുരത്തെ മുസ്ലീം ലീഗ് നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടന്നു. ഈ രണ്ട് വോട്ടര്‍പട്ടികകളും നിലനില്‍ക്കെ 2015ലെ വോട്ടര്‍ പട്ടിക കരട് പട്ടിക തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയായിരിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്റെ തീരുമാനത്തെ പിന്തുണച്ച് 2015ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top