‘ഭീംല നായക്’ ഹിന്ദി റിലീസിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

ബോക്സ് ഓഫീസിൽ ഹിറ്റായ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ‘ഭീംല നായക്’ ഹിന്ദിയിൽ റിലീസ് ചെയ്യുന്നതിന് എതിരായ സ്റ്റേ ഡൽഹി ഹൈക്കോടതി നീക്കി. ചിത്രത്തിന്റെ പകർപ്പവകാശം ഉള്ള വ്യക്തിക്ക് ഏത് ഭാഷയിലേക്കും ഡബ് ചെയ്യാനും സബ് ടൈറ്റിൽ നൽകാനും അധികാരം ഉണ്ടെന്ന് വ്യക്തമാക്കിയാണ് ഡൽഹി ഹൈക്കോടതി സ്റ്റേ നീക്കിയത്.

2020 -ൽ റിലീസ് ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം ഹിന്ദിയിലേക്ക് ഡബ് ചെയ്ത് പുറത്തിറക്കാൻ ജെഎ എന്റെർറ്റൈന്മെന്റ് എന്ന കമ്പനിക്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾ അനുമതി നൽകിയിരുന്നു. ഇതിനായി കമ്പനിയുമായി നിർമ്മാതാക്കൾ പകർപ്പവകാശ കരാർ ഒപ്പുവച്ചു. ഹിന്ദി ചിത്രം മറ്റ്‌ ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള അവകാശവും ജെഎ എന്റെർറ്റൈന്മെന്റ് കരാറിൽ വ്യവസ്ഥചെയ്തിരുന്നു.

ഇതിനിടെ അയ്യപ്പനും കോശിയുടെയും നിർമ്മാതാക്കൾ തെലുഗുവിൽ ചിത്രം ഡബ് ചെയ്ത് ഇറക്കുന്നതിനുള്ള അവകാശം സിത്താര എന്റർടൈൻമെൻസ്റ്സ് എന്ന കമ്പനിക്ക് കൈമാറി. ഇതിനായി കരാർ ഒപ്പുവച്ചു. തെലുങ്കിൽ ഇറങ്ങുന്ന ചിത്രം മറ്റ് ഭാഷകളിലേക്ക് ഡബ് ചെയ്ത് ഇറക്കുന്നതിനുള്ള അവകാശവും സിത്താര എന്റർടൈൻമെൻസ്റ്സിന് കമ്പനി നൽകി. അയ്യപ്പനും കോശിയുടെയും തെലുങ്കു പതിപ്പ് ഭീംല നായക് എന്ന പേരിൽ സിത്താര എന്റർടൈൻമെൻസ് പുറത്തിറക്കി. പവൻ കല്യാണും റാണ ദഗുബാട്ടിയും ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചത്.

ഇതിനിടെ സിത്താര എന്റർടൈൻസ്മെന്റ്സ് ഭീംല നായക് ഹിന്ദിപതിപ്പിന്റെ ട്രെയിലർ പുറത്തിറക്കി. ഇതിനെതിരെയാണ് ജെഎ എന്റെർറ്റൈന്മെന്റ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പനും കോശിയുടെയും തെലുങ്കു പതിപ്പ് പുറത്തിറക്കിയ ശേഷം അത് വീണ്ടും ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് മലയാള ചിത്രം ഹിന്ദിയിലേക്ക് ഡബ് ചെയ്തിരിക്കുന്നതിന് തുല്യമാണെന്നാണ് ജെഎ എന്റെർറ്റൈന്മെന്റിന്‍റെ വാദം. ഇത് പകർപ്പവകാശ നിയമത്തിന്റെ ലംഘനം ആണെന്നും കമ്പനി ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ തെലുങ്കു പതിപ്പ് മറ്റ് എല്ലാ ഭാഷയിലേക്കും ഡബ്ബ് ചെയ്യാനുള്ള അധികാരം തങ്ങൾക്ക് ഉണ്ടെന്നായിരുന്നു സിത്താര എന്റർടൈൻമെൻസ്റ്സ്ന്റെ വാദം.

Top