ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി; ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം അറുപത്തിയഞ്ചായി ഉയര്‍ത്തണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം മുപ്പത്തിയൊന്നില്‍ നിന്ന് വര്‍ധിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ അറുപത്തിരണ്ട് വയസാണ് ഹൈക്കോടതി ജഡ്ജിമാരുടെ റിട്ടയര്‍മെന്റ് പ്രായപരിധി. ഇത് അറുപത്തിയഞ്ച് വയസാക്കണം. ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്താന്‍ സാധിക്കുകയുളളുവെന്നും പ്രധാനമന്ത്രി മുന്‍ കൈയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭവപരിചയമുളള ജഡ്ജിമാരുടെ സേവനം കൂടുതല്‍ കാലം കൂടി ലഭ്യമാക്കാനാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കത്തും പ്രധാനമന്ത്രിക്ക് അയച്ചു. കേസുകള്‍ കെട്ടികിടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണിത്. രാജ്യത്തെ 24 ഹൈക്കോടതികളില്‍ നാല്‍പ്പത്തിമൂന്ന് ലക്ഷം കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടിയുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

Top