ഐസ്‌ക്രീം പാര്‍ലര്‍ കേസ്; കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോട്ടയം: ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍. കേസില്‍ വിഎസ് അച്യുദാനന്ദന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അന്വേഷണം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ചതാണെന്നും മറ്റൊരു അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കി.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് സംബന്ധിച്ച് സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ ഹൈക്കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു.

കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്ന് തുറന്നടിച്ച കോടതി ഇത്തരം കേസുകള്‍ക്കായി സമയം കളയാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. കേസിലെ എതിര്‍കക്ഷിയായ അഡ്വ.വി.കെ.രാജുവുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വി.എസ് ഉന്നയിക്കുന്ന വാദം.

കോഴിക്കോട് നഗരത്തിലെ ഒരു ഐസ്‌ക്രീം പാര്‍ലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപെടുന്ന പെണ്‍വാണിഭമാണ് കേസിനാസ്പദമായ സംഭവം. കേസിലെ മുഖ്യ സാക്ഷിയായ റജീന കേരളത്തിലെ വ്യവസായ, ഐ.ടി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സംഭവമായി ഐസ്‌ക്രീം പാര്‍ലര്‍ കേസ് മാറുകയായിരുന്നു. എന്നാല്‍ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെ പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.

2011 ജനുവരിയില്‍ കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് നടത്തിയ ഒരു വാര്‍ത്താസമ്മേളനവും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫിന്റെ തുടര്‍ന്നുണ്ടായ പല വെളിപ്പെടുത്തലുകളും ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനെ വീണ്ടും ജനശ്രദ്ധയിലേക്കു കൊണ്ടു വന്നിരുന്നു.

Top