ത്രിപുരയില്‍ നടന്ന വര്‍ഗീയ ആക്രമണങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അഗര്‍ത്തല: ത്രിപുരയില്‍ നടന്ന വര്‍ഗീയ ആക്രമണങ്ങളില്‍ ത്രിപുര ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് എടുത്തത്. ആക്രമണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയും ജസ്റ്റിസ് സുഭാഷിഷ് തലപത്രയുമാണ് ത്രിപുര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ആരാധനാലയങ്ങള്‍ക്ക് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ ധരിപ്പിച്ചിരുന്നു. വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി.

‘ തെറ്റായതും കെട്ടിച്ചമച്ചതുമായ റിപ്പോര്‍ട്ടുകളോ ദൃശ്യങ്ങളോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്നില്ലെന്ന് ഉറപ്പാക്കണം. വ്യാജവാര്‍ത്തകള്‍ വന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണം. ഇന്ന് മുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ഈ കോടതി ആഹ്വാനം ചെയ്യുന്നു. മാധ്യമങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സത്യം പ്രസിദ്ധീകരിക്കാന്‍ എല്ലാ അവകാശവുമുണ്ട്. പക്ഷേ അസത്യം പ്രചരിപ്പിക്കാനും വര്‍ഗീയത പ്രചരിപ്പിക്കാനും അനുവദിക്കരുത്’ ത്രിപുര ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.

Top