സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പാലക്കാട്: സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി തള്ളി. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ ഹരിപാൽ ആണ് കേസ് പരിഗണിച്ചത്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷികയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം അയൽ സംസ്ഥാനങ്ങളിലേയ്ക്കടക്കം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. എന്നാൽ കേസ് സിബിഐയ്ക്ക് നൽകേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.

കഴിഞ്ഞ നവംബർ 15 നാണ് ബൈക്കിൽ ഭാര്യയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം കേസിൽ ഇതുവരെ 21 പേർ അറസ്റ്റിലായി. കേസിൽ മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകൾ പൊളിച്ചുനീക്കാൻ സഹായിച്ച ആക്രിക്കട ഉടമയാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്.

 

Top