കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഇനി ഒന്നും പറയാനില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഇനി ഒന്നും പറയാനില്ലെന്ന് ഹൈക്കോടതി. ന്യായാധിപന്മാര്‍ പോലും റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് സന്ദേശങ്ങള്‍ അയക്കുന്നു. ഉത്തരവാദികള്‍ ആരായാലും കോടതിയലക്ഷ്യത്തിന് കേസെടുക്കുക മാത്രമാണ് ഇനി വഴിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി ഉള്‍പ്പെടെയുള്ള വിവിധ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജികള്‍ പരിഗണിക്കവെയാണ് റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വിഷയത്തില്‍ ഇനി ഒന്നും പറയാനില്ലെന്ന് കോടതി പറഞ്ഞു.

മഴ പെയ്തതിനു ശേഷം ഒട്ടുമിക്ക റോഡുകളും തകര്‍ന്ന അവസ്ഥയിലാണുള്ളത്. റോഡുകള്‍ നന്നാക്കണമെന്ന് കോര്‍പ്പറേഷനോടും ബന്ധപ്പെട്ട അധികാരികളോടും കൃത്യമായി തന്നെ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരവാദികള്‍ ആരായാലും കോടതിയലക്ഷ്യത്തിന് കേസെടുക്കുക മാത്രമാണ് ഇനി വഴിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

Top