വിദ്വേഷ മുദ്രാവാക്യം വിളിയിൽ സംഘാടകർക്കെതിരെ കേസെടുക്കണം: ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഉചിതമായ നടപടി വേണമെന്ന് ഹൈക്കോടതി. മാർച്ചിൽ എന്തും വിളിച്ചു പറയാമോയെന്ന് കോടതി ചോദിച്ചു. വിളിച്ചവർക്ക് മാത്രമല്ല സംഘാടകർക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റാലി സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.

റാലിക്കെതിരെയുള്ള കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടൽ. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?. വിദ്വേഷപരമായ മുദ്രാവാക്യം ഉയരുമ്പോൾ ശക്തമായ നടപടി ആവശ്യമല്ലേ?. എന്തുകൊണ്ടാണ് ഇത് തടയാൻ കഴിയാത്തത്?. സംഘാടകർക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു.

വിദ്വേഷമുദ്രാവാക്യം ആരു വിളിച്ചാലും കർശന നടപടിയെടുക്കണം. ആലപ്പുഴ സംഭവത്തിൽ യുക്തമായ നടപടി വേണമെന്നും കോടതി നിർദേശിച്ചു. സംഭവം ദൗർഭാഗ്യകരമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേസന്വേഷണം മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം വിദ്വേഷമുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ പള്ളുരുത്തിയിലെ ബന്ധുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ, പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് എന്നിവർ റിമാൻഡിലാണ്.

Top