യു.പിയിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സര്‍വേ നടത്താന്‍ മൂന്നംഗ അഭിഭാഷക കമ്മീഷണര്‍മാരെ നിയമിക്കാന്‍ കോടതി തീരുമാനിച്ചു. ഡിസംബര്‍ 18ന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കുമ്പോള്‍ തുടര്‍നടപടികള്‍ തീരുമാനിക്കും.

ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീകൃഷ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയെ സമീപിച്ചത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപിപള്ളി സമുച്ചയത്തില്‍ അഭിഭാഷകസംഘം നടത്തിയ സര്‍വേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുക.

ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ അഭിഭാഷക കമ്മീഷന്റെ സര്‍വേ ആവശ്യപ്പെട്ടുള്ള തങ്ങളുടെ ഹര്‍ജിക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയെന്ന് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. മസ്ജിദിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞാണ് സര്‍വേയ്ക്ക് കോടതി അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ്. 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 1669-70 കാലത്ത് ഷാഹി ഈദ്ഗാഹ് പണിതതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം. പള്ളിസമുച്ചയം അവിടെനിന്ന് മാറ്റി തങ്ങള്‍ക്ക് ആരാധനയ്ക്ക് അവസരം നല്‍കണമെന്നതാണ് അവരുടെ ആവശ്യം. ഇതുസംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Top