ആന എഴുന്നള്ളിപ്പിന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി 2015 ഓഗസ്റ്റില്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. ഭൂമിയിലെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും ഉള്‍പ്പെടെ ജൈവവൈവിധ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ നിശബ്ദത പാലിക്കാനോ മൂകസാക്ഷിയായി നിലകൊള്ളാനോ ഭരണഘടനാ കോടതികള്‍ക്കു കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

രോഗമുള്ളതും പരിക്കേറ്റതുമായ ആനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടു സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഒഫ് ക്രുവല്‍റ്റി ടു ആനിമല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം.

ജൈവ വൈവിധ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സുമനസുകളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രം പോര. യുഎന്‍ പിന്തുണയോടെയുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് ഇക്കോസിസ്റ്റം സര്‍വീസ് തയാറാക്കിയ ഗ്ലോബല്‍ റിപ്പോര്‍ട്ട് പ്രകാരം പത്തുലക്ഷത്തോളം ജീവജാലങ്ങള്‍ വംശനാശ ഭീഷണി നേരിടുകയാണ്.

മനുഷ്യന്റെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും നിമിത്തം സസ്തനികള്‍, ഉഭയജീവികള്‍, ഷഡ്പദങ്ങള്‍, കടല്‍ജീവികള്‍ തുടങ്ങിയവ അതിവേഗം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുകയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പൊരിക്കലും നാം നേരിട്ടിട്ടില്ലാത്ത ഗുരുതര പ്രതിസന്ധിയാണിത്. പരിമിതമായ അറിവ് അനുസരിച്ചു ഭൂമിയില്‍ മാത്രമാണ് ഇത്ര വിശാലമായ ജൈവവൈവിധ്യമുള്ളത്. മറ്റെവിടെയെങ്കിലും ജീവനുണ്ടെങ്കില്‍ തന്നെ ഏകകോശ ജീവികളായിരിക്കാനാണു സാധ്യത. 1970 നുശേഷം നട്ടെല്ലുള്ള ജീവികളുടെ ജനസംഖ്യയില്‍ 60 ശതമാനം കുറഞ്ഞെന്നാണ് വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

Top