രാഹുല്‍ ഗാന്ധിക്കെതിരെ സരിത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സരിതയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു കണ്ടെത്തിയാണ് ഹര്‍ജി തള്ളിയത്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെയും എറണാകുളത്ത് ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചിരുന്നത്. ഇരു മണ്ഡലങ്ങളിലും സരിത നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു.

വയനാട്ടിലും എറണാകുളത്തും തന്റെ പത്രിക തള്ളിയത് ശരിയായ നടപടിയല്ലെന്നാണ് സരിത ഹര്‍ജിയില്‍ വാദിച്ചത്. തന്റെ പേരിലുള്ള ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിട്ടുണ്ടെന്നത് പരിഗണിക്കാതെയാണ് പത്രിക തള്ളിയത്. യുപിയിലെ അമേഠിയില്‍ തന്റെ പത്രിക സ്വീകരിച്ചെന്നും ഹര്‍ജിയില്‍ സരിത ചൂണ്ടിക്കാട്ടിയിരുന്നു.

ജയിച്ച സ്ഥാനാര്‍ഥികള്‍ക്കുപുറമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍, സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, വയനാട്ടിലെയും എറണാകുളത്തെയും അമേഠിയിലെയും വരണാധികാരികള്‍ എന്നിവരെയും എതിര്‍കക്ഷികളാക്കിയായിരുന്നു സരിതയുടെ ഹര്‍ജി.

Top