കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കുടിശിക ഈ മാസം 30-നകം വിതരണം ചെയ്യണം; ഹൈക്കോടതി

കൊച്ചി: കേരളീയം പരിപാടിയുടെ പേരില്‍ കോടതിയില്‍ ഹാജാരാകാത്തതിലും കെ.എസ്.ആര്‍.ടി.സി. കേസിലും ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ ചിലര്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ കോടതി, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കുടിശിക ഈ മാസം 30-നകം വിതരണംചെയ്യണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയില്‍ ചീഫ് സെക്രട്ടറി പറഞ്ഞു. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം ഹൈക്കോടതിയില്‍ വ്യക്തമാക്കി.രണ്ടുമാസത്തെ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുണ്ട്. ഒക്ടോബര്‍മാസത്തെ പെന്‍ഷന്‍ നവംബര്‍ 30-ന് അകം കൊടുത്തുതീര്‍ക്കാമെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, അതുപോരെന്നും നവംബര്‍ മാസത്തെ പെന്‍ഷന്‍ കൂടി നവംബര്‍ 30-ന് അകം വിതരണം ചെയ്തിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ 30-ാം തീയതി വീണ്ടും കോടതിയിലേക്ക് വരൂ എന്നും ചീഫ് സെക്രട്ടറി വി. വേണുവിനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

Top