റോഡ് സുരക്ഷ; ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ഡ്യൂട്ടി നല്‍കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷ നടപ്പാക്കുന്നതിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികൾ നൽകാതെ റോഡ് സുരക്ഷയ്ക്കായി മാത്രം ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് റോഡ് സുരക്ഷ ചട്ടം നടപ്പിലാക്കാൻ എൻഫോഴ്സ്മെന്റിന്റെ സേഫ് കേരള വിഭാഗത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

സംസ്ഥാനത്ത് റോഡ് സുരക്ഷ ചട്ടം നടപ്പിലാക്കുന്നതിൽ വീഴ്ച സംഭവിക്കുന്നുവെന്നായിരുന്നു എന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. റോഡ് സുരക്ഷ ഉറപ്പാക്കുക, അപകടം കുറയ്ക്കുക, പരിക്കുകളും മരണവും ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് 2007ൽ റോഡ് സുരക്ഷ ചട്ടം ഏർപ്പെടുത്തിയത്. അമിതവേഗത്തിന് തടയിടുക, പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ഉറപ്പാക്കാനും സേഫ് കേരള വിഭാഗത്തിനായിരുന്നു ചുമതല. എന്നാൽ ഇത് നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പിന്‍റെ ഇൻഫോഴ്സ്മെന്റ് വിഭാഗം രൂപീകരിച്ച സേഫ് കേരള വിഭാഗത്തിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഇതോടെ 24 മണിക്കൂറും ഡ്യൂട്ടിയിൽ ഉദ്യോഗസ്ഥരുണ്ടാകണമെന്ന വ്യവസ്ഥ നടപ്പാക്കുന്നില്ല. ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും, ചെക്പോസ്റ്റിലെ പരിശോധനയ്ക്കുമായി എൻഫോഴ്സ്മെന്‍റ് വിഭാഗം ഉദ്യോഗസ്ഥരെ ഉപയോഗിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു.

Top