കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

High court

കൊച്ചി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി വനംപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

ഇറച്ചി വില്‍ക്കുന്നതിനോ കശാപ്പിനോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ ബോധിപ്പിച്ചു. കന്നുകാലി ചന്ത കാര്‍ഷിക ആവശ്യത്തിനു മാത്രമാക്കണമെന്നാണ് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമെന്നും ഇത് സ്റ്റേ ചെയ്യരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കേന്ദ്ര വിജ്ഞാപനത്തിനെതിരേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ വന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരായി വന്ന ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചു. ഹര്‍ജി മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശവും നല്‍കി.

നേരത്തെ വിജ്ഞാപനത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പിന്തുണച്ചിരുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യാനോ മാംസാഹാരം കഴിക്കാനോ നിരോധനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടിഎസ് സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ വായിച്ചുനോക്കാതെയാണ് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു.

Top