കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

highcourt

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നിയമനത്തിന് വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് ചാന്‍സലര്‍ കോടതിയെ അറിയിച്ചിരുന്നു.

ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടം ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. മൂന്നു മാസം മുമ്പാണ് സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍, 68 ഓളം പുതിയ അംഗങ്ങളെ സിന്‍ഡിക്കേറ്റ് നേരിട്ട് നിയമിച്ചത്.

ഇത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും, സിന്‍ഡിക്കേറ്റിന്റെ ഏകപക്ഷീയമായ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ സിംഗിള്‍ ബെഞ്ചിന് മുമ്പാകെ ഹര്‍ജി എത്തിയിരുന്നു. എന്നാല്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന വിലയിരുത്തലോടെ, സിംഗിള്‍ ബെഞ്ച് സിന്‍ഡിക്കേറ്റ് തീരുമാനം ശരിവെക്കുകയായിരുന്നു.

ഇതിനെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടത്. ചാന്‍സലറായ ഗവര്‍ണറുടെ സത്യവാങ്മൂലം കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. പുതുതായി നിയമിക്കപ്പെട്ട അംഗങ്ങളുടെ നിയമനം ഇതോടെ റദ്ദായി. ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ആണെന്നും സത്യവാങ്മൂലത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചിരുന്നു.

 

 

Top