ആലുവ മണപ്പുറത്തെ അഖിലേന്ത്യാ പ്രദർശനത്തിന് ബെംഗളൂരു കമ്പനിക്ക് നൽകിയ കരാർ റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ആലുവ മണപ്പുറത്തെ അഖിലേന്ത്യാ പ്രദർശനത്തിന് ബെംഗളൂരു ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകിയത് ഹൈക്കോടതി റദ്ദാക്കി. ആലുവ മുനിസിപ്പാലിറ്റി നടപടി ആണ് റദ്ദാക്കിയത്. കൊല്ലം സ്വദേശി നൽകിയ ഹർജിയിൽ ആണ് നടപടി. കൂടിയ തുകയ്ക്ക് ടെണ്ടർ എടുത്ത കൊല്ലം സ്വദേശിയെ ഒഴിവാക്കിയ നടപടി ആണ് റദ്ദാക്കിയത്. ഒരു കോടി 16 ലക്ഷം രൂപയ്ക്ക് ആയിരുന്നു കൊല്ലം സ്വദേശിയായ ആദിൽ ഷാ കരാർ നേടിയത്. തുക കൃത്യ സമയത്ത് നഗരസഭയിൽ നൽകിയില്ല എന്ന് പറഞ്ഞു കരാർ ബാംഗ്ലൂർ കമ്പനിക്ക് കൈമാറുകയായിരുന്നു. എന്നാല്‍, 77 ലക്ഷം രൂപയ്ക്ക് ആണ് പുതിയ കരാർ നൽകിയത്.

നേരത്തെ നല്‍കിയ കരാറില്‍നിന്ന് വ്യത്യസ്തമായി 39 ലക്ഷം രൂപ കുറച്ചു ആണ് ബെംഗളൂരുവിലെ കമ്പനിക്ക് കരാര്‍ നല്‍കിയത്. കരാറിൽ അഴിമതി സംശയിക്കുന്നതായി വ്യക്തമാക്കിയാണ് റദ്ദാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. സംഭവത്തില്‍ മുനിപ്പാലിറ്റിയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം നടത്താൻ സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. അഴിമതി കണ്ടെത്തിയാൽ ക്രിമിനൽ പ്രോസിക്യൂഷൻ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും കോടതി വ്യക്തമാക്കി. കൊല്ലം സ്വദേശി ആദില്‍ ഷായ്ക്ക് കരാര്‍ നല്‍കണമെന്നും ഈ മാസം 20ന് മുമ്പ് കരാര്‍ ഉറപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Top