രഹന ഫാത്തിമ്മ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഹൈക്കോടതി വിലക്ക്

കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ്മയ്ക്ക് മാധ്യമങ്ങളില്‍ കൂടി അഭിപ്രായം പറയുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. 2018ല്‍ സമൂഹമാധ്യമങ്ങള്‍ വഴി മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസില്‍ തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നു കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.

കേസിന്റെ വിചാരണ തീരുന്നതു വരെ നേരിട്ടോ, അല്ലാതെയോ, മറ്റൊരാള്‍ വഴിയോ അഭിപ്രായങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ പ്രസിദ്ധപ്പെടുത്തുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് രഹ്നയോട് കോടതി നിര്‍ദേശിച്ചു. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയില്‍ രണ്ടു ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥു മുന്നില്‍ ഹാജരായി ഒപ്പിടാനും രഹ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയില്‍ ഓരോ ദിവസവും ഹാജരാകണം. ഗോമാത ഉലര്‍ത്ത് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ കുക്കറി വീഡിയോ പോസ്റ്റു ചെയ്തത് മത സ്പര്‍ദ്ധയുണ്ടാക്കാനാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആവശ്യമെങ്കില്‍ ഈ വീഡിയോ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.

Top