വിസിമാർ 7-ാം തിയതി അഞ്ച് മണിക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി. ചാൻസലർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിലനിൽക്കില്ലെന്ന് വിസിമാർ വാദിച്ചു. മറുപടി നല്‍കാത്ത വിസിമാര്‍ക്ക് കോടതിയില്‍ വാദത്തിന് അവസരം നല്‍കും. കേസ് ഏഴാം തിയതി വീണ്ടും പരിഗണിക്കുമെന്നും അന്ന് തന്നെ അന്തിമ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

രാജി വെയ്ക്കണമെന്ന ഗവർണറുടെ നോട്ടീസ് നേരത്തെ റദാക്കിയിരുന്നതായി വൈസ് ചാൻസിലർമാർ അറിയിച്ചു. ആദ്യ നോട്ടീസ് റദ്ദാക്കിയതിനാൽ അത് അനുസരിച്ചില്ല എന്ന കാരണത്താൽ രണ്ടാമത് നോട്ടീസ് അയക്കാൻ ആകില്ല. വൈസ് ചാൻസലർ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താൻ ചാൻസലർക്ക് അധികാരമില്ലെന്നും വിസിമാർ വാദിച്ചു.

സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണർ ഇത്തരത്തിലൊരു നീക്കം നടത്തിയത്. എന്നാൽ ഉത്തരവ് സാങ്കേതിക സർവകാലാശാലക്ക് മാത്രമാണെന്ന് വിസിമാർ വാദിച്ചു. യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള തീരുമാനമാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് വിസിമാർ വാദിച്ചു. നിയമനം നടക്കുന്ന വേളയിൽ എന്തെങ്കിലും ക്രമക്കേടുകൾ നടക്കുമ്പോൾ വിസിമാർ കണ്ണടച്ചോ എന്ന് കോടതി ചോദിച്ചു.

മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവർണറുടെ നടപടി നിയമപരമല്ലന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ ഗവർണറുടെ നോട്ടീസിന് മറുപടി നൽകുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസവും ഹർജിക്കാരോട് ചോദിച്ചത്.

Top