കെഎസ്ആർടിസി ആവശ്യപ്പെടുന്ന തുക എത്രയും പെട്ടന്ന് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള നടപടികൾ ആരംഭിച്ചെന്ന് സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെടുന്ന തുക നല്‍കുന്നതില്‍ ധനവനകുപ്പിന് എതിര്‍പ്പുണ്ട്. രണ്ടുമാസത്തെ ശമ്പളത്തിനും ബോണസിനും 103 കോടിരൂപ ആവശ്യമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയില്‍ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ ബി.ഒ.ടി. വ്യവസ്ഥ വന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഇതിലും നന്നായി കാര്യങ്ങള്‍ നടക്കുമെന്ന് കോടതി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുള്ള ശമ്പളം എത്രയുംവേഗം നല്‍കണമെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശമ്പളവിതരണത്തിനുള്ള നടപടി തുടങ്ങി. ഇതിനുള്ള സഹായം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളവും ഉത്സവബത്തയും നല്‍കുന്നതിന് ഏകദേശം 103 കോടിരൂപ ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഈ തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് അടുത്തമാസം ഒന്നാം തീയതിയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. മറ്റുള്ളവരെ പോലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണം. ഓണക്കാലത്ത് അവര്‍ വിശന്നിരിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കൂടി ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രധാനകാര്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ അതിന്റെ ആസ്തി ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് അതിലൊന്ന്. ഇക്കാര്യം കോടതി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത്തവണ ആസ്തികളുടെ വിവരങ്ങള്‍ കോടതി തേടി. ഇക്കാര്യം സംബന്ധിച്ച ഓഡിറ്റ് ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

Top