ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ഹൈക്കോടതി

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ഹൈക്കോടതി. സമന്‍സിനെതിരായ കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം. ഹര്‍ജിയില്‍ ഇഡിയുടെ മറുപടി തേടിയ കോടതി കേസ് അടുത്ത മാസം 22 ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ഒന്‍പതാം തവണയും സമന്‍സ് അയച്ചതോടെയാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. സമന്‍സ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയപാര്‍ട്ടിയെ പ്രതി ചേര്‍ക്കാന്‍ ഇഡിക്ക് നിയമപരമായി കഴിയില്ലെന്നുമാണ് കെജ്രിവാളിന്റെ വാദം.

എന്നാല്‍ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് എന്തു കൊണ്ട് ചോദ്യം ചെയ്യല്ലിന് ഹാജരാകുന്നില്ലെന്ന ചോദ്യം ഉന്നയിച്ചത്. കെജ്രിവാള്‍ ഒളിച്ചോടുന്നില്ലെന്നും രാഷ്ട്രീയനീക്കമാണ് ഇഡിയുടേതെന്നും അഭിഭാഷകന്‍ മനു സിംഗ്വി പറഞ്ഞു. അറസ്റ്റുണ്ടാകില്ലെന്ന ഉത്തരവ് ലഭിച്ചാല്‍ ഹാജരാകാമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് എത്തിയാല്‍ മാത്രമല്ലേ പ്രതിയാണോ സാക്ഷിയാണോ എന്നതില്‍ വ്യകതത വരൂ. ഇത്തരം നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പെട്ടെന്ന് അറസ്റ്റിലേക്ക് ഇഡി നിങ്ങുകയില്ലെന്നും അറസ്റ്റ് ആവശ്യമെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. കെജ്രിവാളിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം ഇഡി കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്നാണ് കോടതി ഏജന്‍സിയുടെ മറുപടി തേടിയത്. നേരത്തെ സമന്‍സുകളില്‍ ഹാജരാകാത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ ദില്ലി റൌസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം നല്‍കിയിരുന്നു.

Top