വെള്ളനാട് കരടി ചത്ത സംഭവംവത്തിൽ ഉദ്യോഗസ്ഥരെ എങ്ങനെ കുറ്റപ്പെടുത്തുമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്തുമെന്ന് ഹൈകോടതി. കരടിയെ മനപൂർവ്വം കൊല്ലാനുള്ള ഉദ്ദേശം ഇവർക്കുണ്ടായിരുന്നില്ലല്ലോ എന്നും ഹർജിക്കാരോട് കോടതി ചോദിച്ചു. ഉദ്യോഗസ്ഥർ നേരായ ഉദ്ദേശത്തോടെ പ്രവർത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ കരടിക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. പൊതുതാത്പര്യ ഹർജിയിൽ വനം വകുപ്പ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയുടെ ഹർജി ആണ് കോടതി പരിഗണിച്ചത്. കേസ് മെയ് 25 ന് വീണ്ടും പരിഗണിക്കും.

കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അന്വേഷണ റിപ്പോർട്ട്. കരടിയുടെ പോസ്റ്റ്മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് വനം മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടിയെ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് വാ‍ർഡനും ഡിഎഫ്ഒയ്ക്കും മെമ്മോ നൽകുന്നതിന് അപ്പുറം കാര്യമായ നടപടികൾക്ക് സാധ്യതയില്ല.

Top