ലൈഫ് മിഷന്‍ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് ഹൈക്കോടതി

kerala hc

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷല്‍ പദ്ധതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരില്‍ നിന്നും ഹൈക്കോടതി വിശദവിവരം തേടി. ലൈഫ് മിഷന്‍ എന്നത് സര്‍ക്കാര്‍ പ്രൊജക്ടാണോ അതോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് കോടതി ചോദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാ പത്രവും കോടതി പരിശോധിച്ചു.

നിയമപരമായ സാധുത ഉള്ള സ്ഥാപനമല്ല ലൈഫ് മിഷനെങ്കില്‍ എങ്ങനെ ഒരു വിദേശ ഏജന്‍സിയുമായി ധാരണ പത്രം ഒപ്പിടാനാകും എന്ന് കോടതി ചോദിച്ചു. ധാരണ പത്രത്തില്‍ ലൈഫ് മിഷനും കക്ഷിയായ സ്ഥിതിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ധാരണയുണ്ടാവില്ലേയെന്നും കോടതി ആരാഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പാവപ്പെട്ട ആളുകള്‍ക്ക് വീടുണ്ടാക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് ലൈഫ് മിഷനുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വാങ്ങിയില്ലെങ്കില്‍ അത് വിജിലന്‍സ് ആണ് അന്വേഷിക്കേണ്ടത്. ഈ കേസില്‍ FCRA (വിദേശസംഭാവന നിയമം) നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ സ്ഥലം യൂണിടാക്കിന് കൊടുക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പാലിച്ചോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

Top