ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോള്‍ പ്ലാസയിലെ വാഹനങ്ങള്‍ ടോളില്ലാതെ കടത്തിവിടണമെന്ന് ഹൈക്കോടതി

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സവും വാഹനങ്ങളുടെ ക്യൂ നീക്കം ചെയ്യാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടിയ അപ്പീലിലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.

പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണനാണ് അപ്പീല്‍ നല്‍കിയത്. ടോൾ പ്ലാസകളിലെ സർവീസ് ടൈം സംബന്ധിച്ച് ഉൾപ്പെടെ 2021 മേയ് 24നു ദേശീയപാത അതോറിറ്റി ഇറക്കിയ പോളിസി സർക്കുലറിലെ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ നിർദേശം നൽകണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. തടസ്സമില്ലാതെയും താമസമില്ലാതെയും ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടാമെന്നതിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം അറിയിക്കുമെന്നു കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു.

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണം എന്നാണ് വ്യവസ്ഥ. വാഹനങ്ങള്‍ 100 മീറ്ററിനുള്ളില്‍ എത്തുന്നതുവരെ ഇത് തുടരുകയും വേണം. ഇതിനായി എല്ലാ ടോള്‍ ലെയിനിലും ടോള്‍ ബൂത്തില്‍നിന്ന് 100 മീറ്റര്‍ അകലെ മഞ്ഞ വര അടയാളപ്പെടുത്തണം. ഏറ്റവും തിരക്കുള്ള സമയങ്ങളിൽപോലും ടോൾ പ്ലാസകളിലെ സർവീസ് സമയം 10 സെക്കൻഡിൽ കൂടുതൽ എടുക്കാതിരിക്കാൻ ടോൾ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നു ദേശീയ പാത അതോറിറ്റിയുടെ സർക്കുലറിലുണ്ട്.

ടോള്‍ പ്ലാസകളിലെ സര്‍വീസ് സമയം 10 സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ ടോള്‍ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. കൂടാതെ ദേശീയ പാത അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന വിധം ടോള്‍ പ്ലാസകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവും നിലവിലുണ്ട്.

Top