ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയ ആനന്ദ് പട്വര്‍ധന്റെ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു

തിരുവനന്തപുരം; രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശാനുമതി നിഷേധിച്ച ആനന്ദ് പട്വര്‍ധന്റെ ഹ്രസ്വചിത്രം ഇന്ന് പ്രദര്‍ശിപ്പിച്ചു. ഹൈക്കോടതി അനുമതിയോടെയാണ് വിവേക് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്.

ഹിന്ദുത്വ ആക്രമണങ്ങള്‍ വിഷയമാക്കിയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ഡോക്യുമെന്ററി ‘വിവേക്’ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഡോക്യുമെന്ററിയുടെ പ്രമേയം വൈകാരിക സ്വഭാവമുള്ളതാണെന്നും ചിത്രം ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വാര്‍ത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത്

ഇന്നലെ ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്വര്‍ദ്ധനും ഹൈക്കോടതിയെ സമീപിച്ചു പ്രദര്‍ശനാനുമതി നേടി. ഹ്രസ്വചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മതേതരത്വത്തിനും യുക്തിബോധത്തിനുമെതിരായി ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്ന ഹിന്ദുത്വവാദികളെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ് ഡോക്യുമെന്ററി. പുരോഗമനവാദികളായ നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം.കല്‍ബുര്‍ഗി തുടങ്ങിയവര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലത്തെ വര്‍ഗീയതയെക്കുറിച്ചു ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നുണ്ട്. ലോകപ്രശസ്തമായ പലമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ചലച്ചിത്രമേളയില് ‘വിവേക്’ പ്രദര്‍ശനത്തിനെത്തുന്നത്.

Top