ടോമിന്‍ ജെ തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

tomin

കൊച്ചി: ടോമിന്‍ ജെ തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. പുനര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേക്കുറിച്ച് ഇപ്പോഴത്തെ സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി.

തച്ചങ്കരിക്ക് എഡിജിപിയായിരിക്കാന്‍ മതിയായ യോഗ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ ഭരണ നിര്‍വഹണ ചുമതലയില്‍ നിയമിച്ചത് ചോദ്യം ചെയ്ത് രാമങ്കരി സ്വദേശി ജോസ് തോമസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് രേഖാമൂലം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ടിപി സെന്‍കുമാര്‍പൊലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ഈ അഴിച്ചുപണിയെയും, നിരവധി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചതും ചോദ്യം ചെയ്താണ് രാമങ്കരി സ്വദേശി ജോസ് തോമസ് ഹര്‍ജി നല്‍കിയത്.

സെന്‍കുമാര്‍ ഡിജിപിയാകുന്ന സാഹചര്യത്തില്‍, പൊലീസിനെ കൈപ്പിടിയില്‍ ഒതുക്കാനാണ് ആരോപണവിധേയനായ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Top