തെരഞ്ഞെടുപ്പ്; ആന്റോ ആന്റണിക്കെതിരായ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന്

കൊച്ചി: പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി. ഇടതു സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13 ലേക്ക് മാറ്റി.

പത്തനംതിട്ടയില്‍ യുഡിഎഫിനു വേണ്ടി മത്സരിച്ച ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വീണാ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ പെന്തക്കോസ്ത് മതവിശ്വാസിയാണ്. ഇവര്‍ വിവിധ പെന്തക്കോസ്ത് വേദികളില്‍ ഹിന്ദുമതത്തിന്റെ പേരില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്‌തെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇങ്ങനെയുള്ള പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയാണെന്ന് കോടതി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ പറഞ്ഞു.

Top