ഉപവാസം: സച്ചിൻ പൈലറ്റിനെതിരെ ഹൈക്കമാന്റ് നടപടിയുണ്ടാകും; നാളെ ചർച്ച

ദില്ലി : രാജസ്ഥാനില്‍ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. സച്ചിൻ പൈലറ്റ് സമരം നടത്തിയതിൽ നടപടി ഉണ്ടാകും എന്ന് ഹൈക്കമാന്റ് അറിയിച്ചു. സച്ചിനുമായി ഇന്ന് ചർച്ച നടത്തി. നാളെയും ചർച്ച നടക്കുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ പറഞ്ഞു. സച്ചിൻ ഉയർത്തിയ അഴിമതി പ്രശ്നം ശരിയായിരുന്നു. എന്നാൽ അത് അവതരിപ്പിച്ച രീതിയാണ് തെറ്റിപ്പോയത്. ആരുടെ ഭാഗത്താണ് തെറ്റ് എന്ന റിപ്പോർട്ട് നേതൃത്വത്തിന് നൽകുമെന്നും രൺധാവ വ്യക്തമാക്കി.

നാളെ അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖ‍ർഗെയുടെ വസതിയില്‍ വിഷയത്തില്‍ ചർച്ച നടക്കും. സച്ചിൻ പൈലറ്റിന് പറയാനുള്ളത് എന്താണെന്നത് നേതൃത്വം കേള്‍ക്കും. മുഖ്യമന്ത്രി സ്ഥാനത്ത് അശോക് ഗെലോട്ട് തുടരുമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയിലും മന്ത്രിസഭയിലും വൈകാതെ അഴിച്ച് പണിക്കുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇതിനിടെ വിലക്കയറ്റത്തെ നേരിടുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇതില്‍ നിന്ന് ശ്രദ്ധ മാറില്ലെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. സച്ചിൻ പൈലറ്റ് സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഗെലോട്ടിന്റെ പ്രതികരണം.

വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ സർക്കാരില്‍ നിന്ന് നടപടി ആവശ്യപ്പെട്ടാണ് ജയ്പൂരില്‍ സച്ചിൻ പൈലറ്റ് ഉപവാസ സമരം നടത്തിയത്. സമരം ബിജെപിക്കെതിരെയാണെങ്കിലും ഉന്നം വെച്ചത് അശോക് ഗെലോട്ടിനെയായിരുന്നു. അച്ചടക്ക ലംഘനമാകുമെന്ന കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് മറികടന്നായിരുന്നു സച്ചിന്റെ ഉപവാസം. സർക്കാരിനെതിരെ നേരിട്ടുള്ള പ്രതികരണം ഒഴിവാക്കാൻ മൗനവ്രതം എന്ന തന്ത്രമാണ് സച്ചിൻ പൈലറ്റ് പയറ്റിയത്. ബിജെപിയുള്ളിടത്തെല്ലാം കമ്മീഷന്‍ സർക്കാരാണെന്ന് കുറ്റപ്പെടുത്തിയ പൈലറ്റ്, അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

Top