High command supported VM sudheeran

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകള്‍ക്ക് തിരിച്ചടി. പുന: സംഘടനക്ക് മുന്‍പ് സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാനിരിക്കെയാണ് സുധീരനെ മാറ്റില്ലെന്ന നിലപാട് രാഹുല്‍ വ്യക്തമാക്കിയത്.

ഹൈക്കമാന്റിന്റെ നിലപാടോടെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ പിടിമുറുക്കാന്‍ സുധീരന് അവസരം ലഭിച്ചിരിക്കുകയാണ്. മേല്‍നോട്ട സമിതിയില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തണമെന്ന സുധീരന്റെ ആവശ്യവും ഹൈക്കമാന്റ് അംഗീകരിച്ചിട്ടുണ്ട്.

സംഘടന തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുധീരന്റെ നേതൃത്വത്തില്‍ ഒരു പുനസംഘടന വേണ്ടെന്നും സംഘടന തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് വേണ്ടതെന്നുമുളള നിലപാടിലായിരുന്നു എ,ഐ ഗ്രൂപ്പുകള്‍.

സംഘടനാ തിരഞ്ഞെടുപ്പ് ആയാലും പുനസംഘടനയായാലും വിഎം സുധീരനെ മാറ്റിനിര്‍ത്തുന്ന ഒരു ഫോര്‍മുല അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലായിരുന്നു രാഹുല്‍ ഗാന്ധി.

ഉമ്മന്‍ ചാണ്ടിയും സുധീരനും രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഹൈക്കമാന്റ് ആഗ്രഹിക്കുന്നതെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധീരനെ മുന്‍നിര്‍ത്തുന്നതാണ് അഭികാമ്യമെന്ന നിഗമനമാണ് തിരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ട് നല്‍കിയ ടീം രാഹുല്‍ മുന്നോട്ട് വെച്ചിരുന്നത്.

ഈ സാഹചര്യത്തിലാണ് സുധീരനെ മാറ്റിനിര്‍ത്തിയുള്ള ഏര്‍പ്പാടിന് നിന്ന് കൊടുക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തില്‍ രാഹുല്‍ എത്തിയതെന്നാണ് സൂചന.

വ്യാഴാഴ്ച സുധീരനുമായി ചര്‍ച്ച നടത്തിയ രാഹുല്‍ പുന:സംഘടനയുമായി ധൈര്യമായി മുന്നോട്ട് പോവാനും എതിര്‍പ്പുകള്‍ കാര്യമാക്കേണ്ടതില്ലെന്നുമാണ് പറഞ്ഞത്.ഇതോടെ സുധീരന് പുന:സംഘടനയില്‍ നിര്‍ണ്ണായക സ്വാധീനമാണ് കൈ വന്നിരിക്കുന്നത്. നിലവിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തെ തന്നെ ഇത് മാറ്റി മറിച്ചേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുധീരന്‍, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവരുള്‍പ്പെട്ട മൂവര്‍ സംഘം തന്നെയാണ് പ്രചരണം നയിക്കുകയെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുധീരന്റെ നിലപാടിനായിരിക്കും ഇനി മുന്‍തൂക്കം ലഭിക്കുക.

Top