പരസ്യപ്രസ്താവന നടത്തുന്നവരെ ഇനി ഭാരവാഹിയാക്കില്ലെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെയോ നേതാക്കള്‍ക്കെതിരെയോ പരസ്യപ്രസ്താവന നടത്തുന്നവരെ ഇനി ഒരു ഭാരവാഹിത്വവും ഏല്‍പ്പിക്കരുതെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇത്തരക്കാരെ കെ.പി.സി.സി.യിലോ ഡി.സി.സി.യിലോ ഭാരവാഹികളാക്കേണ്ടെന്ന നിലപാട് നേതൃത്വത്തിന് കൈമാറാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായറിയുന്നു.

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പ്രവര്‍ത്തകരെ ഡിസിസി. അദ്ധ്യക്ഷന്മാരായി നിശ്ചയിച്ചപ്പോള്‍ ‘പെട്ടി തൂക്കി’കളെന്നു വിളിച്ചാക്ഷേപിച്ചത് രാഹുല്‍ ഗാന്ധിയെ പ്രകോപിപ്പിച്ചതായാണറിയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നേതാക്കളുടെ പ്രസ്താവനയുടെ സമ്പൂര്‍ണ ഉള്ളടക്കം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ പട്ടിക പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അതു മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതിയുള്ളവര്‍ നേതൃത്വത്തെ നേരിട്ട് അറിയിക്കുകയാണു വേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പൊതുസമീപനം ഇതാണ്. കെ. ശിവദാസന്‍ നായര്‍ക്കും കെ.പി. അനില്‍കുമാറിനുമെതിരെ കെപിസിസി സ്വീകരിച്ച നടപടിയില്‍ തെറ്റില്ലെന്നാണു ഹൈക്കമാന്‍ഡിന്റെ നിലപാട്.

Top