ഹൈക്കമാന്‍ഡ് പ്രതിനിധി വിഎം സുധീരനെ ഇന്ന് സന്ദര്‍ശിക്കും

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ച വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധീരനെ സന്ദര്‍ശിച്ചേക്കും. നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായും താരീഖ് കൂടിക്കാഴ്ച്ച നടത്തും.

ഇടഞ്ഞ് നില്‍ക്കുന്ന വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാനാണ് ഹൈക്കമാന്റ് തീരുമാനം. വിഡി സതീശന്റെ അനുനയ നീക്കത്തോട് മുഖം തിരിച്ച സുധീരനെ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നേരില്‍ കാണും. ഇന്നലെ സുധീരന്റെ വീട്ടിലെത്തിയ സതീശന്‍ ഒരു മണിക്കൂറിലേറെ ചര്‍ച്ച നടത്തിയിട്ടും രാജിയില്‍ നിന്നും പിന്മാറാന്‍ സുധീരന്‍ തയ്യാറായിരുന്നില്ല. വൈകിട്ട് സുധീരനെ സന്ദര്‍ശിക്കാനുള്ള തീരുമാനം താരീഖ് മാറ്റിയതോടെ അനുനയ നീക്കം വഴിമുട്ടിയെന്ന പ്രതീതി സൃഷ്ടിച്ചു. അനുനയ നീക്കം തുടരാന്‍ ഹൈക്കമാന്റ് താരീഖിനോട് ആവശ്യപ്പെട്ടതോടെയാണ് തുടര്‍ചര്‍ച്ചകള്‍ തീരുമാനിച്ചത്.

Top