പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ വരുന്നു

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് എ.ഐ.സി.സി. നിരീക്ഷകര്‍ കേരളത്തിലേക്ക് എത്തുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതാണ് പ്രധാന ലക്ഷ്യം. എ.ഐ.സി.സി. നിരീക്ഷകരായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വൈദ്യലിംഗവുമാണ് കേരളത്തിലെത്തുന്നത്.

ഈ മാസം 20ന് ശേഷം സംഘം കേരളത്തിലെത്തും. തുടര്‍ന്നാവും പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണോ എന്ന് തീരുമാനമെടുക്കുക. ഇതിനായി എ.ഐ.സി.സി. നിരീക്ഷകര്‍ എംഎല്‍എ മാരെ കണ്ട് വ്യക്തിപരമായി അഭിപ്രായം ആരായും. അടുത്ത മാസം ആദ്യ നിയമസഭാ സമ്മേളനം ചേരാനിരിക്കെ അതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കണം. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞാലുടന്‍ പ്രതിപക്ഷ നോതാവ് ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കും.

പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും അഴിച്ചുപണി വേണമെന്ന പൊതുവികാരമാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടിയിലെ അഴിച്ചുപണികള്‍ ബൂത്ത് തലം മുതലുള്ള പുനസംഘടനയ്ക്ക് അനുസരിച്ച് മതി എന്ന പൊതുധാരണയിലേക്ക് എത്തിയിട്ടുണ്ട്. പാര്‍ട്ടി തലപ്പത്തടക്കം മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Top