Hidden cameras were used to blackmail in Home stay ?

ഫോര്‍ട്ട്‌കൊച്ചി: ടൂറിസം മേഖലയായ ഫോര്‍ട്ട് കൊച്ചിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേകള്‍ ക്രിമിനലുകള്‍ താവളമാക്കി മാറ്റുന്നു. ഫോര്‍ട്ട്‌കൊച്ചി ഹോം സ്‌റ്റേ പീഡനക്കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേകളുമായി അടുത്ത ബന്ധമുള്ളവരാണെന്ന് വ്യക്തമായത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതിനുമപ്പുറം കൂടുതല്‍ ബ്ലാക്ക്‌മെയിലുകള്‍ ഫോര്‍ട്ട്‌കൊച്ചി കേന്ദ്രീകരിച്ച് നടന്നിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് അധികൃതര്‍. അപമാനം ഭയന്ന് മിക്കവരും ഇത് പുറത്ത് പറയാതിരിക്കുന്നതാണെന്നും ഹോം സ്‌റ്റേകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പീഡനക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നാം പ്രതി ക്രിസ്റ്റി സംഭവം നടന്ന ഹോം സ്‌റ്റേയിലെ ജീവനക്കാരനാണ്. ഇയാള്‍ വഴിയാണ് മറ്റുപ്രതികള്‍ ഇവിടെ എത്തിയത്. അല്‍ത്താഫ് തന്റെ കാമുകിയെ മറ്റ് രണ്ടുപേരോടൊപ്പം ചേര്‍ന്ന് പീഡനത്തിനിരയാക്കിയതും ഇതേ ഹോം സ്‌റ്റേയിലായിരുന്നു.

ഹോം സ്‌റ്റേയെന്ന നിര്‍വ്വചനത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്കാണ് ഹോം സ്‌റ്റേ നടത്താന്‍ കഴിയൂവെന്നിരിക്കെ ലോഡ്ജിങ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പലപ്പോഴും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാവുകയാണ്. ഏതൊരാള്‍ക്കും വീട് വാടകയ്‌ക്കെടുത്ത് ഫോര്‍ട്ട് കൊച്ചിയല്‍ ഹോം സ്‌റ്റേ തുടങ്ങാവുന്ന അവസ്ഥയാണ്.

അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നവര്‍ ഇത്തരം സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും നല്ലനിലയില്‍ ഹോം സ്‌റ്റേ നടത്തുന്നവരെ വലയ്ക്കുന്നുമുണ്ട്. അംഗീകൃതമായി ഹോംസ്‌റ്റേ നടത്തിവന്ന പലരും മേഖല ഉപേക്ഷിക്കാന്‍ കാരണവും ഇതൊക്കെത്തന്നെയാണ്.

റൂമുകളില്‍ ഹിഡണ്‍ ക്യാമറകള്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ നടത്തിയിട്ടുണ്ടോയെന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേകള്‍ പലപ്പോഴും രാജ്യ സുരക്ഷക്കും ഭീഷണിയാണ്. ഹോം സ്‌റ്റേ ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍ താമസത്തിനെത്തുന്ന വിദേശികളുടെ പാസ്‌പോര്‍ട്ട് അടക്കം രേഖകളുടെ പകര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, അംഗീകൃത ഹോം സ്‌റ്റേകള്‍ ഇത് ചെയ്യുമ്പോള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇത് പാലിക്കാറില്ല.

പൊലീസ് ഇത്തരം സ്ഥാപനങ്ങള്‍ പരിശോധിക്കാത്തതും ഇവര്‍ക്ക് ഗുണകരമാകുന്നുണ്ട്. പൊലീസ് പരിശോധന ശക്തമാക്കുമ്പോള്‍ ടൂറിസത്തെ ബാധിക്കുമെന്ന് പറഞ്ഞ് ചില കോണുകളില്‍ നിന്ന് അത് തടസ്സപ്പെടുത്തുന്നതും പതിവാണ്.

ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹോം സ്‌റ്റേകളില്‍ പരിശോധന നടത്താനും നടത്തിപ്പുകരുടേയും ജീവനക്കാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കാനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

Top