കാര്‍ത്തി ചിദംബരത്തിന് താല്‍ക്കാലിക ആശ്വാസം; അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് കോടതി

karthi

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റു ചെയ്യുന്നത് താത്ക്കാലികമായി ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. മാര്‍ച്ച് ഇരുപതു വരെ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബംരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സൂപ്രീം കോടതി ഈ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.

ഹര്‍ജി പരിഗണിക്കവേയാണ് കാര്‍ത്തിക്ക് താത്കാലിക ആശ്വാസം നല്‍കുന്ന വിധി ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. മാര്‍ച്ച് ഇരുപതിനാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അന്നുവരെ കാര്‍ത്തിയെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇ ഡിക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സി ബി ഐയുടെ കുറ്റപത്രത്തില്‍ പരമാര്‍ശിച്ചിട്ടില്ലാത്ത ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന് കാര്‍ത്തിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദാണ് കാര്‍ത്തിക്കു വേണ്ടി കോടതിയില്‍ ഹാജരായത്. ഐ എന്‍ എക്‌സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ സി ബി ഐയുടെ കസ്റ്റഡിയിലാണുള്ളത്.

Top