സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഒരുക്കാനാകില്ലെന്ന് ഹൈക്കോടതി; കേസ് വിധി പറയാന്‍ മാറ്റി

കൊച്ചി: കന്യാസ്ത്രീ മഠത്തില്‍ താമസിക്കവേ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഒരുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. മറ്റെവിടേക്കെങ്കിലും മാറിത്താമസിച്ചാല്‍ സുരക്ഷ നല്‍കാമെന്ന് കോടതി വ്യക്തമാക്കി. സിവില്‍ കോടതിയിലെ കേസ് തീരും വരെയെങ്കിലും മഠത്തില്‍ പൊലീസ് സുരക്ഷയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു.

മഠത്തില്‍ നിന്നും ഇറങ്ങാന്‍ സഭാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സിവില്‍ കേസ് തീര്‍പ്പാകുന്നത് വരെ പൊലീസ് സുരക്ഷയില്‍ മഠത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ലൂസി കളപ്പുര ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഇക്കാര്യം സാധ്യമല്ലെന്ന് വ്യക്തമാക്കിയ കോടതി മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി.

സിസ്റ്റര്‍ ലൂസി എവിടെയാണോ താമസിക്കുന്നത് അവിടെ സംരക്ഷണം നല്‍കാമെന്ന് പൊലീസും നിലപാടെടുത്തു. എന്നാല്‍ മഠത്തില്‍ നിന്ന് പുറത്തായാല്‍ തനിക്ക് പോകാന്‍ ഇടമില്ലെന്നും തെരുവിലേക്ക് ഇറക്കി വിടരുതെന്നും സിസ്റ്റര്‍ ലൂസി കോടതിയിലും പുറത്തും വ്യക്തമാക്കി.

മഠത്തില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് സിസ്റ്റര്‍ ലൂസി ആവര്‍ത്തിച്ച് അപേക്ഷിച്ചെങ്കിലും ഇടപെടാന്‍ കോടതി വിസമ്മതിച്ചു. സിവില്‍ കോടതിയെ തന്നെ ഇക്കാര്യത്തില്‍ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസില്‍ സ്വയം വാദിക്കാന്‍ ഹാജരായത്.

ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാനായി മാറ്റി. അതേസമയം പൊലീസ് സുരക്ഷ ഇല്ലെങ്കിലും മഠത്തില്‍ തന്നെ തുടരാനാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി ആവര്‍ത്തിച്ചു.

 

Top