തനിക്കെതിരായ കേസിനുപിന്നില്‍ സിപിഎമ്മിന്റെ പരാജയ ഭീതിയാണെന്ന് ഹൈബി ഈഡന്‍

Hibi Eden

കൊച്ചി : തനിക്കെതിരായ കേസിനുപിന്നില്‍ സിപിഎമ്മിന്റെ പരാജയ ഭീതിയാണെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. വികസനമോ കരുതലോ ഇല്ലാത്ത ഇടതു സര്‍ക്കാരിന്റെ കള്ളക്കേസ് നീക്കം മനസിലാക്കാന്‍ വിവേകമുള്ളവരാണ് കേരളത്തിലുള്ളതെന്നും മേയ് 23-ന് ഇത് തെളിയുമെന്നും ഹൈബി പറഞ്ഞു.

സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് എംഎല്‍എമാര്‍ക്കെതിരേ കേസെടുത്തതിനോടു പ്രതികരിക്കുകയായിരുന്നു ഹൈബി.

ഹൈബി ഈഡന്‍, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ സമാന കേസില്‍ കെ.സി. വേണുഗോപാല്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹൈബി ഈഡനെതിരേ ബലാത്സംഗക്കുറ്റവും അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളുമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മൂവര്‍ക്കുമെതിരേ കേസെടുക്കാന്‍ കഴിയുമോ എന്നു നേരത്തെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top