കൊച്ചി മേയര്‍ക്കെതിരായ പരാമര്‍ശം; ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍ എം.പി.

കൊച്ചി: സൗമിനി ജെയിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഹൈബി ഈഡന്‍ എം.പി. പിന്‍വലിച്ചു. ഹൈബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതിന് പിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്.

‘ഇത് കോണ്‍ഗ്രസാണ് സഹോദരി.. തേവര കോളേജിലെ പഴയ എസ്എഫ്‌ഐകാരിക്ക് ഒമ്പത് വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ… ഇത് കോണ്‍ഗ്രസാണ് എന്നായിരുന്നു ഹൈബിയുടെ പോസ്റ്റ്.

നേരത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും ഹൈബി ഈഡന്‍ മേയര്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പരാജയമാണെന്നും മേയര്‍ സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു.

നഗരസഭക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പാര്‍ട്ടിക്ക് പാഠമാകണം. നഗരസഭയുടെ വീഴ്ച പാര്‍ട്ടിക്ക് തിരിച്ചടിയായി. വോട്ടുകള്‍ ചോര്‍ന്നു. തിരുത്തല്‍ നടപടിക്ക് നഗരസഭ തയ്യാറാകണം. ഇല്ലെങ്കില്‍ ജനം തിരുത്തിക്കും. ചോദ്യങ്ങള്‍ക്ക് നഗരസഭയ്ക്ക് കൃത്യമായ ഉത്തരമില്ല. വിവാദങ്ങളില്‍ കെപിസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Top