രാജ്യസ്‌നേഹം പ്രസംഗിക്കുന്നവര്‍ രാജ്യത്തെ ഓരോ ദിവസവും വില്‍ക്കുകയാണ്; ആഞ്ഞടിച്ച് ഹൈബി

Hibi Eden

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം എം.പി ഹൈബി ഈഡന്‍ രംഗത്ത്. പൊതുമേഖല കമ്പനിയായ ഭാരത് പെട്രോളിയം വില്‍ക്കുന്നതിനെതിരെയാണ് അദ്ദേഹം പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ചത്. വലിയ രാജ്യസ്‌നേഹം പ്രസംഗിക്കുന്നവര്‍ രാജ്യത്തെ ഓരോ ദിവസവും വില്‍ക്കുകയാണെന്നായിരുന്നു ഹൈബി പറഞ്ഞത്.

ബിപിസിഎല്‍ വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അത് വില്‍ക്കാനുള്ള തീരുമാനം പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാര്‍ച്ചോടെ വില്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടൈസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിലപാടുകളെ ശക്തമായി പ്രതിരോധിക്കണം എന്ന് ഹൈബി പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരുലക്ഷം കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കുന്നതെന്നാണ് ഹൈബി പറയുന്നത്. എയര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ വിദേശ നിക്ഷേപ സംഗമങ്ങളില്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുമ്പ് ഈ താത്പര്യം ഇത്രയും ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാനും പ്രതിസന്ധികള്‍ മറികടക്കാനുമായി ശരിയായ സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

Top