മഞ്ജുവിനെ രക്ഷിക്കാന്‍ സഹായം തേടി ദിലീപ് തന്നെ വിളിച്ചു; ഹൈബി ഈഡന്‍

കൊച്ചി: കനത്ത മഴയിയും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ കുടങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിന് കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം.പി യുമായ അനുരാഗ് താക്കൂറിനോട് ആവശ്യപ്പെട്ടതായി ഹൈബി ഈഡന്‍ എംപി.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചതെന്നും രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും ഹൈബി ഈഡന്‍ പറഞ്ഞു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Top