ബൃന്ദ മാസ്റ്റര്‍- ദുൽഖർ ചിത്രം ‘ഹേയ് സിനാമിക’യുടെ ചിത്രീകരണം പൂർത്തിയായി

നൃത്ത സംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ‘ഹേയ് സിനാമിക’യുടെ ചിത്രീകരണം പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം നിർത്തിവെച്ചിരുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും ആരംഭിച്ചത്. കാജൽ അഗർവാളും, അദിതി റാവു ഹൈദരിയും നായികമാരായി എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചെന്നൈ ആയിരുന്നു. ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് മികച്ച ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ദുൽഖർ.

ബൃന്ദ മാസ്റ്ററോട് നിറയെ സ്നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ ഓകെ കൺമണി എന്ന സിനിമയിലെ ഒരു ഗാനമാണ് ഹേയ് സിനാമിക. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍. ‘കാക്ക കാക്ക’, ‘വാരണം ആയിരം’, ‘കടൽ’, ‘പികെ’, ‘തെരി’ എന്നീ സിനിമകൾക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്. മലയാളത്തിൽ ‘ബിഗ് ബ്രദർ’, ‘ആദ്യരാത്രി’, ‘അതിരൻ’, ‘മധുരരാജ’ എന്നീ സിനിമകൾക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകൾ ഒരുക്കിയത്.

Top