തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു;എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും നിര്‍ത്താതെ തുടരുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ ഇതേനിലയ്ക്ക് ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം, വില്ലുപുരം എന്നിവിടങ്ങളില്‍ ബുധനാഴ്ച ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ആറ് വര്‍ഷത്തിന് ശേഷമാണ് ചെന്നൈയും പരിസരപ്രദേശങ്ങളും ഇത്രയും ശക്തമായ മഴയും രൂക്ഷമായ വെള്ളക്കെട്ടും നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളക്കെട്ടിനെ തുടര്‍ന്ന് സംസ്ഥാനത്തെ പലഭാഗങ്ങളിലേക്കമുള്ള ഗതാഗതം തടസപ്പെട്ടു. ചെന്നൈയിലെ ദുരൈസാമി സബ്‌വേ വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ചു. ചെന്നൈയ്ക്കും തിരുവള്ളൂരിനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. പലസ്ഥലങ്ങളിലും വൈദ്യുതി മുടക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതുച്ചേരിയിലും കനത്തമഴ ജനജീവിതത്തെ ബാധിച്ചു.

പലജില്ലകളിലും പത്ത് സെന്റിമീറ്ററിലധികം മഴയാണ് ലഭിച്ചിരിക്കുന്നത്. ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് പിന്നിട്ട് ആന്ധ്രപ്രദേശിന്റെ തെക്കുകിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുമെങ്കിലും അടുത്ത് നാല് ദിവസം വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

ഗതാഗതം തടസ്സപ്പെടുത്തുന്ന വെള്ളക്കെട്ടുകള്‍ പമ്പ് ചെയ്ത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിശ്ചയിച്ച പ്രകാരം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Top