‘അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയിൽ അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണ്’ ഷോൺ ജോർജ്

തിരുവനന്തപുരം: സോളര്‍ തട്ടിപ്പുകേസിലെ പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണെന്ന് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു. അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയിലാണ് അദ്ദേഹമെന്നും ഷോൺ കൂട്ടിച്ചേർത്തു.

‘രണ്ട് മാസത്തിനിടയിലെ മൂന്നാമത്തെ അറസ്റ്റാണ് ഇത്. അരി അഹാരാം കഴിക്കുന്ന ഏത് മനുഷ്യനും ഇത് മനസിലാകാൻ വലിയ താമസമൊന്നും വേണ്ട. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സിപിഐഎം പ്രതിക്കൂട്ടിൽ നിൽക്കുന്നു. സ്പ്രിംക്‌ളർ, പിഡ്ബ്ല്യുസി അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകൾ കൃത്യമായി പ്രതിക്കൂട്ടിൽ നിൽക്കുന്നു. ഒരു വിവാദത്തെ മറ്റൊരു വിവാദം കൊണ്ട് തളയ്ക്കുക എന്നത് പിണറായിയുടേയും സിപിഐഎമ്മിന്റേയും സ്ഥിരം വഴിയാണ്. ഇതിന് ഏറ്റവും എളുപ്പമുള്ള മാർഗം പിസി ജോർജിന്റെ അറസ്റ്റാണ്. പരാതിക്കാരി പറഞ്ഞ പേരുകൾ കൊടുത്താൽ ജയിലുകളിൽ മറ്റ് പ്രതികൾക്ക് കിടക്കാൻ സ്ഥലമുണ്ടാകില്ല. കേരള നിയമസഭയിൽ തന്നെ കോറം തികയണമെങ്കിൽ ചിലപ്പോൾ പുറത്ത് നിന്ന് ആളെ വിളിക്കേണ്ടി വരും. അതാണ് പരാതിക്കാരിയുടെ റെലവൻസി’– ഷോൺ ജോർജ് പറഞ്ഞു.

കേസിനു പിന്നിൽ പിണറായിയായെന്ന് പി.സി. ജോർജിന്റെ ഭാര്യ ഉഷ ആരോപിച്ചു. സർക്കാരിന്റെയും പിണറായിയുടെയും പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കണം, അതിനാണിത്. കേസിനെ ശക്തമായി നേരിടും, വരും ദിവസങ്ങളിൽ അത് കാണാമെന്നും ഉഷ പറഞ്ഞു.

പി.സി.ജോര്‍ജിനെതിരെ കളളക്കേസാണ് എടുത്തതെന്ന് അഭിഭാഷകനും പറഞ്ഞു‍. പൊതുപ്രവര്‍ത്തകനെ മോശക്കാരനാക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പി.സി. ജോർജിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് നടപടി.

Top