ഹെെറിച്ച് തട്ടിയത് 1157 കോടി;തട്ടിപ്പിന്റെ കണക്ക് പുറത്തുവിട്ട് ഇ.ഡി

 ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി.). തട്ടിപ്പിലൂടെ കമ്പനി കൈവശപ്പെടുത്തിയത് 1157 കോടി രൂപയാണെന്നാണ് കണ്ടെത്തല്‍. ഇ.ഡി. റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയും നിലവില്‍ ഒളിവിൽ തുടരുകയാണ്.

ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടു വീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളിൾ കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. കമ്പനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ ശേഖരിച്ചത് ക്രിപ്‌റ്റോ കറന്‍സി വഴിയാണ്. എച്ച്.ആര്‍. കോയിൻ ഇടപാട് വഴി 1138 കോടി രൂപ തട്ടിയിട്ടുണ്ട്. ഇരുവരും പണം വിദേശത്തേക്ക് കടത്തിയെന്ന സംശയവും ഇ.ഡി. അധികൃതർക്കുണ്ട്.

അതേസമയം, ഇ.ഡി. കേസില്‍ അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തില്‍ ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ മുന്‍പും സമാന കേസുള്ള വിവരം കോടതിയെ ഇ.ഡി. അധികൃതര്‍ അറിയിക്കും. 1630 കോടി രൂപയുടെ തട്ടിപ്പാണെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. സംസ്ഥാന ജി.എസ്.ടി. വിഭാഗം ഹൈറിച്ച് ഉടമകള്‍ 126 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് നേരത്തേത്തന്നെ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

പലചരക്ക് ഉത്പന്ന വിൽപ്പനയുടെ മറവിൽ മണി ചെയിൻ നടത്തുകയാണ് സ്ഥാപനം ചെയ്തിരുന്നത്. കേരളത്തിൽ മാത്രം 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ഷോപ്പുകളുമുണ്ട്. ക്രിപ്‌റ്റോ കറൻസി ഇടപാട് ഉൾപ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളും ഹൈറിച്ചിനുണ്ട്. വൻതുകയാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. വൻപലിശ വാഗ്‌ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചുവെന്ന പരാതിയുമുണ്ട്.

ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ അമ്പതോളം ഐ.ഡികള്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ആരോപണമുണ്ട്‌.

Top