വിപണിയില്‍ എത്തുന്നതിന് മുമ്പേ ഹീറോ എക്സ്ട്രീം 200Rന്റെ വില പുറത്തുവിട്ടു

ഹീറോയുടെ പുതിയ നെയ്ക്ക്ഡ് സ്ട്രീറ്റ് ബൈക്ക്, എക്സ്ട്രീം 200R വിപണിയില്‍ എത്തുന്നതിന് മുന്‍പേ വില പുറത്തുവിട്ട് കമ്പനി. 88,000 രൂപ എക്സ്ഷോറൂം വിലയില്‍ പുതിയ ഹീറോ എക്സ്ട്രീം 200R വിപണിയിലെത്തും. അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, മിസോറം, മണിപ്പൂര്‍, ത്രിപുര, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍ എന്നീ എട്ടു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 88,000 രൂപ വിലയില്‍ ബൈക്ക് വില്‍പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ബ്യുറേറ്റഡ് പതിപ്പിലാണ് എക്സ്ട്രീം 200R വിപണിയില്‍ എത്തുക. ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് എക്സ്ട്രീം 200R -ല്‍. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കാനാവും. വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എഞ്ചിനില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്.

ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം. മൈലേജ് 39.9 കിലോമീറ്റര്‍. മുന്നില്‍ 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് മോഡലില്‍. ബ്രേക്കിംഗിന് വേണ്ടി 276 mm ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 mm ഡിസ്‌കും. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണുള്ളത്.

Top