പുതിയ അഡ്വഞ്ചര്‍ എക്‌സ്പള്‍സുമായി ഹീറോ ഓട്ടോ എക്‌സ്‌പോയില്‍ എത്തുന്നു

Hero Xpulse

മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതിയ അഡ്വഞ്ചര്‍ ബൈക്ക് എക്‌സ്പള്‍സിനെ ഹീറോ ആദ്യമായി അവതരിപ്പിച്ചത്. നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലും എക്‌സ്പള്‍സ് ഹീറോ നിരയില്‍ എത്തുമെന്നാണ് വിവരം.

എക്‌സ്പള്‍സിന്റെ വരവിന് മുന്‍പെ അഡ്വഞ്ചര്‍ ബൈക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. നിലവിലുള്ള 200 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനിലാണ് എക്‌സ്പള്‍സ് ഒരുക്കുന്നത്‌.

18.1 bhp കരുത്തും 17.1 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുക. കഴിഞ്ഞ ദിവസം ഹീറോ അവതരിപ്പിച്ച എക്‌സ്ട്രീം 200R നെയ്ക്കഡ് മോട്ടോര്‍സൈക്കിളിലും ഇതേ എഞ്ചിനാണ് ഒരുക്കിയിരുന്നത്‌.

എക്‌സ്ട്രീം 200Rന്റെ അടിത്തറയില്‍ നിന്നുമാണ് ഹീറോ എക്‌സ്പള്‍സിന്റെയും വരവ്. എന്നാല്‍ അഡ്വഞ്ചര്‍ ബൈക്കായതിനാല്‍ വേറിട്ട എഞ്ചിന്‍ ട്യൂണിംഗാകും എക്‌സ്പള്‍സിന് ലഭിക്കുക. ഉയര്‍ന്ന ടോര്‍ഖ് ഔട്ട്പുട്ട് ഹീറോ എക്‌സ്പള്‍സില്‍ പ്രതീക്ഷിക്കാം.

150 സിസി എഞ്ചിന്‍ കരുത്തില്‍ അണിനിരക്കുന്ന ഇംപള്‍സിന് പകരക്കാരനാണ് ഹീറോ എക്‌സ്പള്‍സ്. 2018 രണ്ടാം പാദത്തോടെ എക്‌സ്പള്‍സിനെ ഹീറോ വിപണിയില്‍ ലഭ്യമാക്കുമെന്നാണ് സൂചന.

Top