ഇംപള്‍സിന്റെ പിന്‍ഗാമിയായി പുതിയ ഹീറോ എക്സ്പള്‍സ് ബൈക്കുകള്‍; വില 94,000 രൂപ മുതല്‍

ഇംപള്‍സിന്റെ പിന്‍ഗാമിയായി പുതിയ ഹീറോ എക്സ്പള്‍സ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പ്രാരംഭ അഡ്വഞ്ചര്‍ ശ്രേണിയില്‍ എക്സ്പള്‍സ് 200, എക്സ്പള്‍സ് 200T മോഡലുകളുമായാണ് ഹീറോ എത്തിയിരിക്കുന്നത്.

97,000 രൂപയാണ് കാര്‍ബ്യുറേറ്ററുള്ള എക്സ്പള്‍സ് 200 -ന് വില. ഇതേസമയം ബൈക്കിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പ് 1.05 ലക്ഷം രൂപ വില കുറിക്കും. 94,000 രൂപയ്ക്കാണ് എക്സ്പള്‍സ് 200T ഷോറൂമുകളില്‍ ലഭ്യമാവുക. ഗ്ലോസ് റെഡ്, ബ്ലാക്ക് നിറങ്ങളില്‍ എക്സ്പള്‍സ് കാര്‍ബ്യുറേറ്റര്‍ മോഡലുകള്‍ അണിനിരക്കും. റെഡ് ബ്ലാക്ക്, മാറ്റ് ഗോള്‍ഡ്, മാറ്റ് ഗ്രെയ് നിറങ്ങളാണ് എക്സ്പള്‍സ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ മോഡലില്‍ ഒരുക്കിയിരിക്കുന്നത്.

ഇരു ബൈക്കുകളിലും 199.6 സിസി ഒറ്റ സിലിണ്ടര്‍ നാലു സ്ട്രോക്ക് എഞ്ചിന്‍ തുടിക്കും. എയര്‍ കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 8,000 rpm -ല്‍ 18 bhp കരുത്തും 6,500 rpm -ല്‍ 17.1 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. കാര്‍ബ്യുറേറ്റര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകള്‍ എക്സ്പള്‍സ് 200 -ല്‍ അണിനിരക്കുമ്പോള്‍, കാര്‍ബ്യുറ്റേറ്റര്‍ പതിപ്പ് മാത്രമേ എക്സ്പള്‍സ് 200T -യിലുള്ളൂ.

അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്സ്. നീളം കൂടിയ ട്രാവല്‍ സസ്പെന്‍ഷന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്പോക്ക് വീലുകള്‍ എന്നിങ്ങനെയാണ് വിശേഷങ്ങള്‍. 21 ഇഞ്ചാണ് മുന്‍ സ്പോക്ക് വീല്‍ വലുപ്പം. പിന്‍ സ്പോക്ക് വീല്‍ 18 ഇഞ്ച് വലുപ്പം കുറിക്കും.

ഉയര്‍ന്ന മുന്‍ മഡ്ഗാര്‍ഡ്, സമ്പ് ഗാര്‍ഡ്, നക്കിള്‍ ഗാര്‍ഡ് തുടങ്ങിയ ഘടകങ്ങള്‍ ബൈക്കിന്റെ അഡ്വഞ്ചര്‍ പരിവേഷം വ്യാഖ്യാനിക്കും. ഹീറോ എക്സ്പള്‍സ് 200T -യിലും ചിത്രം ഏറെക്കുറെ സമാനമാണ്. എന്നാല്‍ സ്പോക്ക് വീലുകള്‍ക്ക് പകരം 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കില്‍.

Top