നിരത്തില്‍ സ്‌കൂട്ടറുകള്‍ക്ക് വെല്ലുവിളിയുമായി ഹീറോ ആവ വരുന്നു

പുതിയ മൂന്ന് സ്‌കൂട്ടറുകള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ വിപണിയിലെത്തിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കിയിരുന്നു.

125 സിസി എന്‍ജിന്‍ കരുത്തുള്ള സ്‌കൂട്ടറാണ് ഇക്കൂട്ടത്തില്‍ ആദ്യ അതിഥി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയ്ക്ക് മുന്‍പ് തന്നെ ആവ 125 ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കുമെന്നാണ് സൂചന.

2014 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഹീറോ ഡേര്‍ 125 കണ്‍സെപ്റ്റാണ് ആവ 125 എന്ന പേരില്‍ വിപണിയിലെത്തുക. രൂപത്തില്‍ ഡിയോയുടെ ചെറിയ സാമ്യം പുതിയ വാഹനത്തിനുണ്ട്.

125 സിസി നിരയില്‍ മികച്ച വില്‍പനയുള്ള ഹോണ്ട ആക്ടീവയ്ക്ക് മികച്ച എതിരാളിയാകും ഹീറോ ആവ. സിവിടി ട്രാന്‍സ്മിഷനില്‍ 124.6 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 9.38 ബിഎച്ച്പി പവറും, 9.8 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.

1820 എംഎം നീളവും, 975 എംഎം വീതിയും, 1180 എംഎം ഉയരവും വാഹനത്തിനുണ്ട്. 155 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

സുരക്ഷ വര്‍ധിപ്പിക്കാന്‍ മുന്നില്‍ മാത്രമാണ് 200 എംഎം ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക് നല്‍കുക, പിന്നില്‍ 130 എംഎം ഡ്രം ബ്രേക്ക് തുടരും. 114 കിലോഗ്രമാണ് ആകെ ഭാരം.

ഹീറോ നിരയില്‍ മാസ്‌ട്രോയ്ക്ക് മുകളില്‍ സ്ഥാനം പിടിച്ച ആവയുടെ എക്‌സ് ഷോറൂം വില 55000-60000 രൂപയ്ക്ക് ഇടയിലാവും.

Top