hero motocorp

ഫ്രിക്കന്‍ വിപണി ലക്ഷ്യമിട്ടു ഹീറോ മോട്ടോ കോര്‍പ് ഡോണ്‍ ശ്രേണിയില്‍ മൂന്നു പുതിയ മോട്ടോര്‍ സൈക്കിളുകള്‍ വികസിപ്പിച്ചു.

മുന്‍പങ്കാളിയും ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളുമായ ഹോണ്ട മോട്ടോര്‍ കമ്പനിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ആറു വര്‍ഷം പിന്നിടുമ്പോഴാണു ഹീറോ ആഫ്രിക്കന്‍ വിപണി കീഴടക്കാന്‍ എത്തുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി 100 സി സി, 125 സി സി, 150 സി സി എന്‍ജിനുകള്‍ ഘടിപ്പിച്ച ‘ഡോണ്‍’ ആണു ഹീറോ ലഭ്യമാക്കുക.

മിക്കവാറും മാര്‍ച്ചോടെ വിപണിയിലെത്തുന്ന പുത്തന്‍ ബൈക്കുകള്‍ പ്രധാനമായും മേഖലയിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ നൈജീരിയയിലാവും തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

നൈജീരിയ പോലുള്ള പുതിയ വിപണികളില്‍ പ്രവേശിക്കാനും പശ്ചിമ ആഫ്രിക്കയില്‍ ബ്രാന്‍ഡിനെ കരുത്തു നേടിക്കൊടുക്കാനുമാണ് 2016 -17ല്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും കമ്പനി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹീറോയും ഹോണ്ടയുമായുള്ള 26 വര്‍ഷം നീണ്ട പങ്കാളിത്തം 2010-ലാണ് അവസാനിച്ചത്. ഹോണ്ടയുമായുള്ള സഖ്യം മൂലം ഹീറോ ഹോണ്ട ശ്രേണിയിലെ മോഡലുകള്‍ വിദേശ വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നില്ല.

ജാപ്പനീസ് പങ്കാളിയുമായി വഴി പിരിഞ്ഞ ശേഷമുള്ള കാലത്താണു ഹീറോ വിവിധ വിദേശ രാജ്യങ്ങളില്‍ വിപണനത്തിനു തുടക്കമിട്ടത്. നിലവില്‍ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ നായകസ്ഥാനത്തുള്ള ഹീറോ, ആഗോളതലത്തില്‍ 29 രാജ്യങ്ങളില്‍ ബൈക്കുകള്‍ വില്‍ക്കുന്നുണ്ട്.

ആഫ്രിക്കയില്‍ ചുവട് ഉറപ്പിക്കാനുള്ള ആദ്യ പടിയെന്ന നിലയിലാണു കമ്പനി ‘ഡോണ്‍ 100’, ‘ഡോണ്‍ 125’, ‘ഡോണ്‍ 150’ എന്നിവ പുറത്തിറക്കുക. ആഫ്രിക്കയിലെ ബൈക്ക് ടാക്‌സി വിഭാഗം കൂടി ലക്ഷ്യമിട്ടാണു ഹീറോ പുതിയ ശ്രേണി വികസിപ്പിച്ചിരിക്കുന്തെന്നാണു സൂചന.

Top