ഇലക്ട്രിക് വാഹന നിരയിലേക്ക് ഹീറോയുടെ മാസ്‌ട്രോ സ്‌കൂട്ടറും

ന്ത്യയിലെ മുന്നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ
മാസ്‌ട്രോ എന്ന സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പുമായി എത്തുന്നു. ജയ്പൂരിലെ ഹീറോയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗമാണ് ഹീറോ ഇ-മാസ്‌ട്രോയുടെ കണ്‍സെപ്റ്റ് വികസിപ്പിച്ചെടുത്തത്. അതേസമയം, ഈ വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഹീറോ പുറത്തുവിട്ടിട്ടില്ല. അതേസമയം, 2021-ഓടെ മാത്രമേ ഈ വാഹനം നിരത്തുകളിലെത്തുവെന്നാണ് അഭ്യൂഹങ്ങള്‍.

മാഗ്‌നെറ്റ് മോട്ടോറും ലിഥിയം അയേണ്‍ ബാറ്ററിയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ന്യൂട്രല്‍, ഡ്രൈവ്, റിവേഴ്‌സ് എന്നീ റൈഡിങ്ങ് മോഡുകള്‍ ഈ സ്‌കൂട്ടറില്‍ നല്‍കുമെന്നാണ് സൂചന. ഹാന്‍ഡില്‍ ബാറിന്റെ ഇടതുവശത്ത് മോഡ് മാറുന്നതിനും വലത് വശത്ത് സാധാരണ പോലെ ആക്‌സിലറേറ്ററുമായിരിക്കും നല്‍കുക.

കാഴ്ചയില്‍ മാസ്‌ട്രോയുടെ റെഗുലര്‍ പതിപ്പിന് സമാനമാണ് ഇലക്ട്രിക് മോഡലും. എന്നാല്‍, ഇലക്ട്രിക് പതിപ്പില്‍ ക്ലൗഡ് കണക്ട്ഡ് ഫീച്ചറുകള്‍ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്മാര്‍ട്ട് കീലെസ് ഓപ്പറേഷന്‍ എന്നിവയും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചറുകളാകും.

ബജാജിന്റെ ഇ-ചേതക്ക്, ടിവിഎസ് ഐക്യൂബ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളായിരിക്കും ഹീറോ ഇ-മാസ്‌ട്രോയുടെ പ്രധാന എതിരാളികള്‍. ഈ സ്‌കൂട്ടറിന് ഏകദേശം ഒരു ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില വരുമെന്നാണ് സൂചന.

Top