ഹീറോ ഇലക്ട്രിക് മഹീന്ദ്രയുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

ലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ ഇലക്ട്രിക്  മഹീന്ദ്ര ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യയ്‌ക്കായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ഹീറോ ഇലക്ട്രിക്കും മഹീന്ദ്ര ഗ്രൂപ്പും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഏകദേശം 150 കോടി മൂല്യമുള്ളതാണെന്നും അടുത്ത അഞ്ച് വർഷത്തേക്ക് ഇത് തുടരും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹീന്ദ്ര ഗ്രൂപ്പുമായുള്ള ഈ സംയുക്ത പങ്കാളിത്തത്തിന്റെ സഹായത്തോടെ, ഈ വർഷം അവസാനത്തോടെ പ്രതിവർഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുന്നതിനായി ഹീറോ ഇലക്ട്രിക്കിന്റെ ഉടമസ്ഥതയിലുള്ള ലുധിയാന പ്ലാന്റിന്റെ വിപുലീകരണത്തിനായി ഇരു കമ്പനികളും ചേര്‍ന്ന് പ്രവർത്തിക്കും.

ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായി, ഇരു കമ്പനികളും സംയുക്തമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായി വിതരണ ശൃംഖലയും ഷെയർ പ്ലാറ്റ്‌ഫോമും നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യും. കരാർ പ്രകാരം, മഹീന്ദ്ര ഗ്രൂപ്പ് ഹീറോ ഇലക്ട്രിക്കിന്റെ ഒപ്റ്റിമ, NYX സ്കൂട്ടറുകൾ നിർമ്മാതാവിന്റെ പിതാംപൂർ ഫെസിലിറ്റിയിൽ നിർമ്മിക്കും.

“മഹീന്ദ്ര ഗ്രൂപ്പ് നിരവധി വർഷങ്ങളായി ഇലക്ട്രിക് ത്രീ, ഫോർ വീലറുകളിൽ മുൻ‌നിരക്കാരാണ്, അതേസമയം ഉപഭോക്തൃ, ബി 2 ബി സെഗ്‌മെന്റിലുടനീളം ഇവിയിലേക്ക് മാറുകയാണ്. ഈ പങ്കാളിത്തത്തിലൂടെ, ആവശ്യം നിറവേറ്റുന്നതിനായി ഞങ്ങളുടെ ഉൽപ്പാദന ശേഷി കൂടുതൽ മെച്ചപ്പെടുത്താനും മഹീന്ദ്ര ഗ്രൂപ്പിന്റെ ശക്തമായ വിതരണ ശൃംഖല ഉപയോഗിച്ച് രാജ്യത്തെ പുതിയ കേന്ദ്രങ്ങളിൽ എത്തിച്ചേരാനും ഞങ്ങൾ ശ്രമിക്കുന്നു. സമീപഭാവിയിൽ അവരുമായി കൂടുതൽ മോഡലുകള്‍ സൃഷ്‍ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു..” കൂട്ടുകെട്ടിനെ സംബന്ധിച്ച് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടർ നവീൻ മുഞ്ജാൽ പറഞ്ഞു,

“പരസ്പരം പ്രയോജനപ്രദമായ അടിസ്ഥാനത്തിൽ കാര്യമായ മൂല്യ സൃഷ്ടിയാണ് ഞാൻ കാണുന്നത്, ഈ പങ്കാളിത്തം അതിന്റെ വ്യക്തമായ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു..” ഇതുസംബന്ധിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ഓട്ടോ, ഫാം സെക്ടറുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ പറഞ്ഞു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പ്യൂഷോ മോട്ടോസൈക്കിൾസിന്റെ പോർട്ട്‌ഫോളിയോയുടെ വൈദ്യുതീകരണത്തിനും സംയുക്ത സംരംഭം പ്രവർത്തിക്കും എന്നും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് യൂറോപ്പിലും ഇവി മൊബിലിറ്റി മേഖലയിൽ പ്യൂഷോ മോട്ടോസൈക്കിൾസിന് വലിയ പദ്ധതികളുണ്ട് എന്നും ജെജുരിക്കർ കൂട്ടിച്ചേർത്തു.

പുതിയ ഉൽ‌പ്പന്നങ്ങളും സാങ്കേതികവിദ്യകളും നിർമ്മിക്കുന്നതിന് ഗവേഷണ-വികസന ടീമുകൾക്കിടയിൽ അറിവ് പങ്കിടുന്നതിന് തടസ്സമില്ലാത്ത ആശയവിനിമയ ചാനൽ സൃഷ്ടിക്കാൻ രണ്ട് കമ്പനികളും ലക്ഷ്യമിടുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഇന്ത്യൻ, ആഗോള വിപണികളെ മനസിൽ വെച്ചാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top