hero don 125 bike

ഫ്രിക്കന്‍ വിപണിക്കായി വികസിപ്പിച്ച പുതിയ 125 സി സി മോട്ടോര്‍ സൈക്കിളായ ‘ഡോണ്‍’ ഹീറോ മോട്ടോ കോര്‍പ് മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോ(ഇ ഐ സി എം എ)യില്‍ അനാവരണം ചെയ്തു.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ വില്‍പ്പന ലക്ഷ്യമിട്ടു പ്രത്യേകം വികസിപ്പിച്ചു നിര്‍മിച്ച ബൈക്കാണ് ‘ഡോണ്‍ 125’ എന്നു കമ്പനി പറഞ്ഞു. ആഫ്രിക്കന്‍ വിപണികളിലെ വാണിജ്യ വിഭാഗത്തെയാണു പുതിയ ബൈക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹീറോ മോട്ടോ കോര്‍പ് ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

ദൃഢത, ഈട്, ഇന്ധനക്ഷമത തുടങ്ങി സാധാരണ വാഹന ഉടമകള്‍ ആഗ്രഹിക്കുന്ന മേന്മകള്‍ക്കാണ് ‘ഡോണ്‍ 125’ മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി വിശദീകരിച്ചു.

മെച്ചപ്പെട്ട കാഴ്ചയ്ക്കായി വൃത്താകൃതിയിലുള്ള വലിയ ഹെഡ്‌ലാംപ്, കൂടുതല്‍ കരുത്തിനായി ലോഹ നിര്‍മിത മുന്‍ ഫെന്‍ഡര്‍ എന്നിവ ബൈക്കിലുണ്ട്.
നീളമേറിയ സീറ്റ്, വീതിയേറിയ പിന്‍ കാരിയര്‍, നീളം കൂടുതലുള്ള ഫുട്‌റസ്റ്റ് എന്നിവയും ‘ഡോണ്‍ 125’ വാഗ്ദാനം ചെയ്യുന്നു.

ബൈക്കിനു കരുത്തേകുന്നത് 125 സി സി, എയര്‍ കൂള്‍ഡ്, നാലു സ്‌ട്രോക്ക്, സിംഗിള്‍ ഓവര്‍ ഹെഡ് കാം, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. 7000 ആര്‍ പി എമ്മില്‍ ഒന്‍പതു ബി എച്ച് പി വരെ കരുത്തും 4000 ആര്‍ പി എമ്മില്‍ 10.35 എന്‍ എം വരെ കരുത്തും സൃഷ്ടിക്കാന്‍ ഈ എന്‍ജിനു കഴിയും.

തുടക്കത്തില്‍ ആഫ്രിക്കന്‍ മേഖലയിലെ കെനിയ, യുഗാണ്ട, എത്തിയോപ്പിയ, താന്‍സാനിയ, മൊസാംബിക് എന്നീ രാജ്യങ്ങളിലാണ് ‘ഡോണ്‍ 125’ വില്‍പ്പനയ്‌ക്കെത്തുകയെന്നും ഹീറോ മോട്ടോ കോര്‍പ് അറിയിച്ചു.

Top